വെറി
എന്നും ചിന്തിക്കും "എഴുതുന്നതിനെക്കുറിച്ചു". സത്യം പറഞ്ഞാൽ മടിച്ചിട്ടാ എഴുതാത്തത്. പ്രായം മുടിയിൽ കുസൃതി കാണിച്ചു തുടങ്ങിയപ്പോൾ അത് അംഗീകരിക്കാൻ മനസ് തയ്യാറായില്ല . പക്ഷെ പടിക്കെട്ടുകളിൽ ചാടി കയറുമ്പോൾ പണ്ടത്തെപ്പോലെ മനസ്സ് എത്തുന്നിടത്തു ശരീരം എത്താൻ വല്ലാതെ കിതക്കുന്നുണ്ടോ എന്ന് തോന്നിപ്പോകുന്നു . അലസതയും മറവിയുമൊക്കെ പണ്ട് തൊട്ടേ കൂടെ ഉള്ളതുകൊണ്ട് അതൊന്നും പ്രായം ബാധിക്കുന്നതിന്റെ ലക്ഷണമായി തോന്നിയില്ല. പ്രായം വെറും അക്കങ്ങൾ മാത്രമാണെന്ന് പറയുന്നത് എത്ര ശെരിയാണെന്നു പലപ്പോഴും തോന്നിയിട്ടുണ്ട്. മേലേ പറമ്പിലെ ദേവസ്സിക്കുട്ടിച്ചായനും കീഴാറ്റൂരിലെ സരസ്വതി ടീച്ചർക്കുമൊക്കെ പ്രായം എത്രയായി ? ഇപ്പോളും പതിനെട്ടു കഴിയാത്തവരുടെ ചുറുചുറുക്കല്ലേ . അവരൊക്കെ ആയകാലത്തു കഴിച്ച ഭക്ഷണത്തിന്റെ ഗുണം . വിഷമടിക്കാത്ത നല്ല പച്ചക്കറി കഴിച്ചതിന്റെ ഗുണം.പാടത്തും പറമ്പിലും ഓടിച്ചാടി നടന്നദ്ധ്വാനിച്ചതിന്റെ ഗുണം . നമുക്കതൊന്നും പറഞ്ഞിട്ടില്ല . വിഷമടിക്കാത്ത ഒരു പച്ചക്കറിപോലും നമുക്ക് കിട്ടുമോ ? എല്ലാം തമിഴ് നാടിന്റെ വിള നിലങ്ങളിൽ മലയാളിയെ മാത്രം ഉന്നം വെച്ച് വിഷം തിന്നു വളർന്നവ . അന്യായ വിലകൊടുത്തു നാമത് നമ്മുടെ തീന്മേശയിലേക്കാനയിക്കുന്നു . കാശുകൊടുത്തു വിഷം വാങ്ങി കഴിക്കാൻ വിധിക്കപ്പെട്ട മുതലാളി വർഗം ..
തീൻ മേശയിൽ എന്നെ നോക്കി കൊഞ്ഞനം കുത്തുന്ന ആപ്പിളിനെ വാശിയോടെ കടിച്ചു പറിച്ചപ്പോൾ വെറി കുറച്ചൊന്നടങ്ങി . അല്ലങ്കിലും നമ്മൾ മലയാളികൾ അങ്ങനെയാണല്ലോ എന്തെങ്കിലുമൊക്കെ ഒന്ന് കടിച്ചു പറിക്കാൻ കിട്ടുന്നതുവരെയുള്ള വെറിയല്ലേ നമുക്കുള്ളൂ ..
Comments
Post a Comment